കോട്ടയം: പാചകവാതക വിലക്കയറ്റവും ക്ഷാമവുമുണ്ടാക്കിയ ദുരിതം വിട്ടുമാറും മുമ്പേ ഹോട്ടലുകള്‍ക്ക് തിരിച്ചടിയായി ഇറച്ചി, കോഴി, മീന്‍ വിലവര്‍ധന. മത്തി മുതല്‍ വിള വരെയുള്ള മുഴുവന്‍ മീനുകള്‍ക്കും പന്നി ഒഴികെ എല്ലാ ഇറച്ചി ഇനങ്ങള്‍ക്കും വില കൂടിയതാണു തിരിച്ചടിയായത്.
നോണ്‍ വെജ് ഹോട്ടലുകളിലെയും അറേബ്യന്‍ ഭക്ഷണം വില്‍ക്കുന്ന കടകളിലെയും വിഭവങ്ങളിലെ പ്രധാന ഇനമായ കോഴി ഇറച്ചി വിലയിലുണ്ടായ വര്‍ധനവാണ് വലിയ ആഘാതമാകുന്നത്.
മീന്‍ വിലയും കുതിക്കുകയാണ്. ചെറുമീനുകളുടെ ശരാശരി വില 200 രൂപ പിന്നിട്ടപ്പോള്‍, പീസ് മീന്‍ വില അഞ്ഞൂറിലെത്തി. വറ്റയ്ക്ക് 900 രൂപയും നെയ്മീന് 1200 രൂപയ്ക്കും വ്യാപാരം നടക്കുന്നുണ്ട്. കൂടിയ വില നല്കിയാലും ആവശ്യത്തിനു വലിയ മീനുകള്‍ കിട്ടാനില്ല.
ഒരുമാസം മുമ്പ് 130 രൂപയുണ്ടായിരുന്ന കോഴിവില റോക്കറ്റ് പോലെയാണു കുതിക്കുന്നത്. ഏതാനും ദിവസങ്ങളായി 170-190 രൂപയാണ് ഇറച്ചിക്കോഴി വില. ചിക്കന്‍ ഇല്ലാതെ നോണ്‍ വെജ് ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും പ്രവര്‍ത്തിക്കാൻ കഴിയില്ല. ചിക്കന്‍ ഫ്രൈ, കറി, ബിരിയാണി എന്നിങ്ങനെ നോണ്‍ വെജ് ഹോട്ടലുകളിലെ പ്രധാന ഇനം ചിക്കനാണ്.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വരവു കുറഞ്ഞതു ബീഫിനെയും ബാധിച്ചു. ഒരു കിലോ പോത്തിറച്ചിക്ക് 500 രൂപയായി. 450 - 480 രൂപയ്ക്ക് പോത്തിറച്ചി എന്ന പേരില്‍ വില്ക്കുന്നതു കാള ഇറച്ചിയാണ്. കറിയായി മാറിയാല്‍ തിരിച്ചറിയില്ലെങ്കിലും ജില്ലയിലുള്ളവര്‍ക്കു പ്രിയം പോത്തിറച്ചി തന്നെയാണെന്നു വ്യാപാരികള്‍ പറയുന്നു.
തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള വരവ് പകുതിയായി കുറഞ്ഞതും ചരക്കുനീക്കത്തിലെ തടസങ്ങളും പോത്തിറച്ചിയുടെ വില വര്‍ധിപ്പിച്ചു. ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇറച്ചി കയറ്റുമതി സ്ഥാപനങ്ങള്‍ ഉയര്‍ന്ന വിലയ്ക്കു പോത്തുകളെ വാങ്ങുന്നതും സംസ്ഥാനത്തേക്കുള്ള ഇറക്കുമതി കുറയാന്‍ കാരണമായി.
ആട്ടിറച്ചി വിലയും പിടി കൊടുക്കാതെ കുതിക്കുകയാണ്. 1000-1100 രൂപയാണ് ഓരോ സ്ഥലങ്ങളിലും ഈടാക്കുന്നത്. ഈ വില കൊടുത്താലും നല്ല ആട്ടിറച്ചി കിട്ടാനില്ലാത്ത അവസ്ഥയാണെന്നു ഹോട്ടലുടമകള്‍ പറയുന്നു.
പാചക വാതക പ്രതിസന്ധിയെത്തുടര്‍ന്നു മിക്ക ഹോട്ടലുകളും ഭക്ഷ്യവിഭവങ്ങളുടെ വില വര്‍ധിപ്പിച്ചത് ഒരു മാസം മുമ്പാണ്. ഇറച്ചി, മീന്‍ വിലയിലെ വര്‍ധനയുടെ പേരില്‍ ഇനിയും ഭക്ഷണ വില വര്‍ധിപ്പിച്ചാല്‍ തിരിച്ചടിയാകുമെന്നാണു ഹോട്ടല്‍ ഉടമകളുടെ ആശങ്ക.
പഫ്സ്, കട്ലറ്റ്, റോള്‍, ബര്‍ഗര്‍, സാന്ഡ്വിച്ച് എന്നിങ്ങനെ ചിക്കനും പോത്തിറച്ചിയും പ്രധാന ചേരുവയാകുന്ന ഇനങ്ങളാണ് ബേക്കറികളിലെ പ്രധാന ആകര്‍ഷണം. പല ബേക്കറികളും ഈ വിഭവങ്ങള്‍ പലതും ഒഴിവാക്കി. ഉണ്ടെങ്കില്‍ത്തന്നെ ചിക്കന്റെയും മീറ്റിന്റെയും അളവ് പിന്നെയും കുറഞ്ഞതായി ഉപഭോക്താക്കള്‍ പറയുന്നു.
പല ബേക്കറികളില്‍നിന്നും ലഭിക്കുന്ന ചിക്കന്‍, ബീഫ് വിഭവങ്ങളില്‍ ഇറച്ചിയേക്കാള്‍ കൂടുതല്‍ സവാളയും കിഴങ്ങുമാണെന്നു പരാതിയുണ്ടായിരുന്നു. ചിക്കന്‍ ചേര്‍ക്കുന്ന ഇനങ്ങള്‍ക്ക് ബേക്കറികളില്‍ ബീഫ് ഇനങ്ങളേക്കാള്‍ വില വര്‍ധനയാണ്. ഇനിയും വില വര്ധിപ്പിച്ചല് പ ഇനങ്ങളും വില്‍ക്കാനാകാത്ത സ്ഥിതിയാകുമെന്ന് ഉടമകള്‍ പറയുന്നു.